7 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി

വാഷിംങ്ടണ്‍: വെര്‍ജീനിയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി. പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണിലാണ് നടപ്പാക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രി 11.34 മണിക്ക് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ജോണ്‍സനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരും ചേര്‍ന്നാണ് എതിര്‍ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്. 1993 ല്‍ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറല്‍ പ്രിസണില്‍ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിര്‍ത്തുമാണ് കൊലപ്പെടുത്തിയത്.
45 ദിവസത്തിനുള്ളിലാണ് പ്രതികള്‍ എല്ലാവരേയും വധിച്ചത്. വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. വിഷം കുത്തിവെച്ച് 20 മിനിറ്റിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡന് അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാല്‍ അവസാന നിമിഷം വരെ ജോണ്‍സന്റെ വധശിക്ഷ നീട്ടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
There are no comments at the moment, do you want to add one?
Write a comment