മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മുംബൈയിലാണ് സംഭവം. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തുവിട്ടത്. 26കാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ചെമ്പൂരിനും ഗോവണ്ടി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിലായി.
26കാരിയായ യുവതിയും 31കാരനായ യുവാവും രണ്ടു മാസം മുന്‍പാണ് വിവാഹിതരായത്. കൂലിപ്പണിക്കാരാണ് ഇരുവരും. ആദ്യ വിവാഹത്തിലുള്ള ഏഴ് വയസുള്ള കുട്ടിയുമായി ഇവര്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. ട്രെയിന്റെ വാതിലിനടുത്താണ് ഇവര്‍ നിന്നത്. വാതിലിന് അടുത്ത് നിന്നും മാറാന്‍ യുവതി ശ്രമിച്ചുവെങ്കിലും ഇയാള്‍ ഇവരെ പിടിച്ചു നിര്‍ത്തി. പിന്നീട് ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രെയിന്‍ ഗോവണ്ടി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവം കണ്ടു നിന്ന യാത്രക്കാരി ഇതേക്കുറിച്ച് റെയില്‍വേ പോലീസില്‍ അറിയിച്ചു. അവിടെ വച്ചു തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.