പത്തനംതിട്ട: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര കിഴക്കേക്കര ഇടമുറിയില്‍ കെ.വി. മത്തായി-സാലമ്മ ദമ്പതികളുടെ മകന് സിജു മത്തായിയാണ് (11) മരിച്ചത്. മൈലപ്ര സേക്രഡ് ഹാര്‍ട്ട് സ്കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം.
മുറിക്കുള്ളില്‍ സിജു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പറയുന്നു. രാത്രി വൈകിയും മുറിയില്‍ ലൈറ്റ് കിടക്കുന്നതുകണ്ട് മാതാവ് ഉണര്‍ന്ന് നോക്കുമ്പോൾ സിജു തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നനഞ്ഞ ഷാള്‍ മുറിയിലെ ഹുക്കിലിട്ട് തൂങ്ങുകയായിരുന്നു.
പിതാവ് മത്തായി വിദേശത്താണ്. പോസ്റ്റ്മോര്‍ട്ടം ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. സംസ്കാരം വ്യാഴാഴ്ച വെട്ടിപ്പുറം ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. സഹോദരി: സിനി.