കാക്കനാട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് കുഴിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു വീണ്ടും മോഷണം. ശ്രീകോവിലിനു മുന്‍വശത്തുള്ള ഭണ്ഡാരവും തൊട്ടടുത്തുള്ള നാഗരാജാവിന്റെ തറയിലുള്ള ഭണ്ഡാരവുമാണ് കുത്തിത്തുറന്നത്. ഇതിനകത്തുണ്ടായിരുന്നു നാണയത്തുട്ടുകളും നോട്ടുകളടക്കം 10,000 രൂപയോളം നഷ്ടപ്പെട്ടതായാണു വിവരം.
ഡിസംബര്‍ 27നാണ് ഒടുവില്‍ ഭണ്ഡാരം തുറന്നത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവമെന്നു കരുതുന്നു. ക്ഷേത്രം പൂജാരി രാവിലെ ക്ഷേത്ര നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
ഭണ്ഡാരം കുത്തിത്തുറക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ നാലാംതവണയാണ് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നത്. എന്നിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ക്ഷേത്രം സെക്രട്ടറി ജി. അജയകുമാര്‍ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.