കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പത്ത് സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ കോടതി ഉത്തരവ്. ഇവരെ സംരക്ഷിത സാക്ഷികളാക്കണമെന്ന എന്‍ഐഎ ഹര്‍ജി പരിഗണിച്ചാണ് നടപടി. സുരക്ഷ പരിഗണിച്ച് ഈ സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്റെ ഉത്തരവുകളിലും രേഖകളിലും ഉണ്ടാവില്ല.
പ്രതികള്‍ ഉയര്‍ന്ന ബന്ധമുള്ളവരായതിനാല്‍ സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്നും കോടതിക്ക് മുന്നില്‍ സ്വതന്ത്രമായും വിശസ്തതയോടെയും ഹാജരാകാന്‍ സാക്ഷികള്‍ക്ക് നിയമത്തിന്റെ പിന്തുണ ആവശ്യമാണെന്നുമായിരുന്നു എന്‍ഐഎ വാദം. ഈ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും ഉണ്ടാകില്ല. അഭിഭാഷകര്‍ക്കും ഇവരുടെ വിശദാംശങ്ങള്‍ കൈമാറില്ല. സാക്ഷികളുടെ ജീവന് ഭീഷണിയുള്ളതിനാലാണ് നടപടി. 10 സാക്ഷികളുടെ മൊഴികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ കഴിയുന്ന രേഖകളും പ്രതികള്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ നല്‍കില്ല.