കൊട്ടാരക്കര : കൊട്ടാരക്കരയിൽ പുലമൺ മേൽപ്പാലം വരുന്നതിനാൽ വ്യാപാരികൾക്ക് സന്തോഷവും അതിലേറെ ആശങ്കയും. മേൽപ്പാലം വരുന്നതുമൂലം ടൗണിലെ കടകൾ പൊളിച്ചുമാറ്റേണ്ടി വരുമോ കൂടാതെ കച്ചവടം കുറയുമോ എന്ന ആശങ്കയുമാണുള്ളത് . കഴിഞ്ഞ ദിവസം നടന്ന സർവ്വേയുമായി ബന്ധപ്പെട്ട് നിരവധി കച്ചവടക്കാർ കേരളം വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കളെ ധരിപ്പിക്കുകയും തുടർന്ന് അധികാരികളെ കാണുകയും ചെയ്തു. പി.ഡബ്ള്യു.ഡി ഡിപ്പാർട്ടമെന്റ് സർവ്വേ ആണെന്നും അതിനുശേഷം മേൽപ്പാലത്തിന്റെ സർവ്വേ ഉണ്ടാകുമെന്നും പി.ഡബ്ള്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മേൽപ്പാലത്തിന് സ്വാഗതം അറിയിച്ചു കൊണ്ടുതന്നെ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് അറിയിച്ചുകൊണ്ടുള്ള നിവേദനം എം എൽ എ യ്ക്ക് നൽകുമെന്നും വ്യവസായികൾ അറിയിച്ചു.
