ചെന്നൈ: നടന് രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. പാര്‍ട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ചു.
മക്കള്‍ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. നിലവിലുള്ള പാര്‍ട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പാര്‍ട്ടിയുടെ നേതാക്കളില്‍ രജനിയെയും ഉള്‍പ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
നേരത്തെ ബാബ മുദ്ര ചിഹ്നമാണ് പാര്‍ട്ടിക്കായി സ്റ്റൈല്‍ മന്നന് പരിഗണിച്ചിരുന്നത്. ബാബ എന്ന സിനിമയിലൂടെ പ്രശസ്തമായിരുന്നു ‘ഹസ്തമുദ്ര’ ചിഹ്നം. എന്നാല്‍ കൈപ്പത്തിയോട് സാമ്യമുള്ള ചിഹ്നം മാറ്റി ഓട്ടോറിക്ഷ സ്വീകരിക്കുകയായിരുന്നു.
രജനിയുടെ ഏറെ പ്രശസ്തമായ ബാഷയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് സ്റ്റൈല്‍ മന്നന്. നാന് ഓട്ടോക്കാരന്, ഓട്ടോക്കാരന് എന്ന പാട്ട് തമിഴിലെ എല്ലാക്കാലത്തേയും ഹിറ്റ് ഗാനം കൂടിയാണ്. അതേസമയം, പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ, പാര്‍ട്ടി ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. മുഴുവന്‍ നിയമസഭ സീറ്റുകളിലേക്കും രജനീകാന്തിന്റെ പാര്‍ട്ടി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയുടെ പിന്തുണയോടെയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത താരത്തിന് തിരിച്ചടിയും ഉണ്ടാക്കിയിട്ടുണ്ട്.