പോളിങ് ബൂത്തുകളിൽ അക്രമം അനുവദിക്കരുത്: ഹൈക്കോടതി

കൊച്ചി: പോളിങ് ബൂത്തുകളിലെ ഇലക്ഷന് ക്രമക്കേടുകളും അക്രമങ്ങളും ഒരുതരത്തിലും അനുവദിക്കരുതെന്നും വോട്ടുരേഖപ്പെടുത്താന്‍ കഴിയാതെ ഒരു വോട്ടര്‍ പോലും മടങ്ങിപ്പോവാത്ത സാഹചര്യമുണ്ടാക്കാന്‍ മതിയായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുപ്പില്‍ അക്രമവും കള്ളവോട്ടും തടയാന്‍ പോലീസ് സംരക്ഷണവും വീഡിയോ റെക്കാര്‍ഡിങ്ങും വേണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥാനാര്‍ഥികളും ഇലക്ഷന് ഏജന്റുമാരും നല്കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
സ്വതന്ത്രവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷനും പോലീസിനും മാത്രമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അവരുടെ അണികള്ക്കുമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്പ്പെടുന്നവയല്ലെങ്കില്പോലും മതിയായ സംരക്ഷണം നല്‍കണം പോലീസും മറ്റുദ്യോഗസ്ഥരും തെരഞ്ഞെടുപ്പു കമ്മീഷനും ഭയവും പക്ഷപാതവുമില്ലാതെ കടമ നിര്‍വഹിച്ചാല്‍ പൗരന്മാര്ക്ക് ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളിലുള്ള വിശ്വാസം നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശങ്കയും ഭയവുമില്ലാതെ വോട്ടു രേഖപ്പെടുത്താന്‍ മതിയായ സുരക്ഷയും ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷന് സത്യവാങ്മൂലം നല്‍കിയിരുന്നു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും വോട്ടര്‍ പട്ടികയിലും ഫോട്ടോ പതിച്ചിട്ടുള്ള സാഹചര്യത്തില്‍ കള്ളവോട്ടും ആള്‍മാറാട്ടവും ഒഴിവാക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കിയിരുന്നു. ആകെയുള്ള ബൂത്തുകള്‍ 34710 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇതില്‍ 1800 അതീവ പ്രശ്നബാധിത ബൂത്തുകളും 1100 പ്രശ്ന ബാധിത ബൂത്തുകളുമുണ്ട്.
അതീവ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോ റെക്കോഡിങ് ഉണ്ടാകും, മറ്റു ബൂത്തുകളില്‍ അക്രഡിറ്റഡ് വീഡിയോഗ്രാഫര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ചെലവു നല്കി ഇവരുടെ സേവനം ഉപയോഗിക്കാം.
മതിയായ പോലീസ് സംരക്ഷണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി. കള്ളവോട്ടും ആള്‍മാറാട്ടവും തടയുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന് സ്വീകരിച്ച നടപടികളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇതു നല്കാന് നടപടി വേണമെന്നു കൂടി വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
There are no comments at the moment, do you want to add one?
Write a comment