പൊലീസിനുനേരെ ആക്രമണം: മൂന്ന് യുവാക്കൾ പിടിയിൽ

കോട്ടയം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥയുടെ കാര്‍ തള്ളിനീക്കുന്നതിനെച്ചൊല്ലി നടുറോഡില്‍ തര്‍ക്കവും അടിപിടിയും. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മദ്യപസംഘം മര്‍ദിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അയ്മനം പാണ്ഡവം വൈശാഖ് വീട്ടില്‍ ആനന്ദ് കൃഷ്ണ, സഹോദരന് അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയ മണിക്കല്‍ ഹേമന്ദ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ചാലുകുന്നിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ബാലറ്റ് യന്ത്രങ്ങള്‍ തിരികെ ഏല്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കാര്‍ റോഡരികിലെ കുഴിയിലേക്ക് ചരിഞ്ഞു. ഇതുകണ്ട് വന്ന ആനന്ദ് കൃഷ്ണയും അരുണ്‍ കൃഷ്ണയും ഹേമന്ദ് ചന്ദ്രയും ചേര്‍ന്ന് കാര്‍ ഉന്തിക്കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍, മദ്യലഹരിയിലായിരുന്ന ഇവര്‍ക്ക് അതിനു കഴിഞ്ഞില്ല. ഈ സമയം സമീപത്തെ ബുള്ളറ്റ് ഷോറൂമിലെ ജീവനക്കാര്‍ സമീപവാസികളുടെ സഹായത്തോടെ കാര്‍ കുഴിയില്‍നിന്ന് കയറ്റി.
ഇതേതുടര്‍ന്ന് മദ്യപസംഘവും കാര്‍ തള്ളിനീക്കിയവരും തമ്മിലുണ്ടായ വാക്തര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വെസ്റ്റ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.ജെ. അരുണ്‍ പൊലീസ് വാഹനത്തില്‍ അതുവഴി വന്നത്.
അടിപിടി കണ്ട് വാഹനം നിര്‍ത്തിയ അദ്ദേഹത്തെയും മദ്യപസംഘം ആക്രമിക്കാന്‍ ശ്രമിച്ചു. തടയാനെത്തിയ പൊലീസ് ഡ്രൈവര്‍ ജോണിന്റെ കൈ കടിച്ചുമുറിക്കുകയും മര്‍ദിക്കുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെയാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആനന്ദ് കൃഷ്ണ യൂനിയന്‍ ബാങ്ക് ജീവനക്കാരനും സഹോദരന് അരുണ്‍ കൃഷ്ണ മൊബൈല്‍ കോടതി ഉദ്യോഗസ്ഥനുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment