വാഷിംഗ്ടണ്‍: തന്റെയൊപ്പം രാജ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ തിരഞ്ഞെടുത്ത ചരിത്രപരമായ തീരുമാനം രാജ്യത്തിന്റെ പ്രതിരോധ തലപ്പത്തും ആവര്‍ത്തിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. രാജ്യചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ ബൈഡന് തിരഞ്ഞെടുത്തു. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുളള സേനയെ നയിച്ച മുന്‍ ആര്‍മി ജനറലായ ലോയ്ഡ് ഓസ്റ്റിനാണ് അമേരിക്കയുടെ അടുത്ത പ്രതിരോധ സെക്രട്ടറിയാകുക. സെനറ്റ് അനുമതി ലഭിച്ചയുടന്‍ ഓസ്റ്റിന്‍ പദവി ഏറ്റെടുക്കാനാകും.
നാല് പതിറ്റാണ്ടോളം
സൈന്യത്തില്‍ ജോലി നോക്കിയയാളാണ് ഓസ്റ്റിന്‍. സേനയില്‍ വിവിധയിടങ്ങളില്‍ പ്ളാറ്റൂണുകളെ നയിക്കാനും ആയുധ വിതരണത്തിലും പുതിയ സൈനികര്‍ക്ക് പരിശീലനത്തിനും ലോയ്ഡ് ഓസ്റ്റിന്‍ പ്രാഗല്ഭ്യം തെളിയിച്ചയാളാണ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശ സമയത്ത് സൈന്യത്തിലെ പ്രധാനപ്പെട്ട ചുമതല ഓസ്റ്റിന്‍ വഹിച്ചു. അമേരിക്കയുടെ നൂറ്റി എണ്‍പതാമത് സംയുക്ത സൈനികസംഘത്തെ ഓസ്റ്റിന്‍ നയിച്ചിരുന്നു. 2003 മുതല്‍ 2005 വരെയായിരുന്നു ഇത്. 2010ല്‍ ഇറാഖില്‍ സൈന്യത്തെ നയിച്ച ഓസ്റ്റിന്‍ 2012ല്‍ പെന്റഗണില്‍ മുഖ്യ ചുമതലകളിലും അദ്ദേഹമുണ്ടായിരുന്നു.
അമേരിക്കയിലെ 12 ലക്ഷം സൈനികരില്‍ 16 ശതമാനം പേരും കറുത്ത വര്‍ഗക്കാരാണ്. എന്നാല്‍ ഇവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉന്നത റാങ്കുകളിലേക്ക് എത്തിച്ചേര്ന്നിട്ടുളളു. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയില്‍ നടക്കുന്ന പൊലീസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധത്തില്‍ ഈ വേര്‍തിരിവ് ചര്‍ച്ചയായി വന്നിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ സൈനികര്‍ക്ക് ഇക്കാര്യത്തില്‍ തോന്നുന്ന വിഷമങ്ങളെ കുറിച്ച് മറ്റ് സൈനികരോട് നിരവധി തവണ ബോധവല്‍ക്കരണം നടത്തിയതായി മുന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തായാലും അത്തരം പ്രതിഷേധങ്ങളും മറ്റും ഭരണതലത്തില്‍ മാറ്റൊലി കൊളളുന്നുണ്ടെന്ന് വേണം ലോയ്ഡ് ഓസ്റ്റിന്റെ തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കാന്‍.