തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണനീക്കം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കറുടെ അനുമതി തേടും.
എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം. അതുകൊണ്ട് ഗവര്‍ണറുടെ അനുമതി കിട്ടിയ ശേഷമായിരിക്കും പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിലേക്ക് കടക്കുക.
വി.ഡി.സതീശന് എംഎല്‍എക്കെതിരെയും അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പുനര്‍ജനി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് സതീശനെതിരെ അന്വേഷണം നടത്താന്‍ ആലോചിക്കുന്നത്. പറവൂര്‍ എംഎല്‍എയായ സതീശനെതിരെ അന്വേഷണം നടത്താനും സ്പീക്കറുടെ അനുമതി വേണം.ബാര്‍കോഴക്കേസില്‍ കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കിയത്. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്‍കുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്സൈസ് മന്ത്രി കെ.ബാബു, മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്.