റായ്പുര്‍: ചത്തീസ്ഗണ്ഡിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാസേന ഒരു നക്സലേറ്റിനെ വധിച്ചു. സന്തോഷ് പൊഡിയം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട നക്സല്‍ പ്രവര്ത്തകന്. കുത്രു പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ധര്‍ഭ വനമേഖലയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു തോക്കും ബാഗും ഇയാളില്‍ നിന്നും കണ്ടെടുത്തു. സന്തോഷ് പൊഡിയം ഓഗസ്റ്റില്‍ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും സെപ്റ്റംബറില്‍ ഫോറസ്റ്റ് റേഞ്ചറെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാളുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
