ചെന്നൈ: കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ തമിഴ്നാട്ടില്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. അതേസമയം തിയേറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങള്‍ ഒന്നും തന്നെ റിലീസ് ആയില്ല. എന്നാല്‍, തിയെറ്റര്‍ തുറന്നതോടെ സിനിമ പ്രവര്‍ത്തകര്‍ അതീവ സന്തോഷത്തിലാണ്. കൈയടികളോടെ ആണ് പല തിയെറ്ററുകളിയേും ജീവനക്കാര്‍ കാണികളെ അകത്തേക്ക് സ്വീകരിച്ചത്.
രജനീകാന്ത് നായകനായ ശിവാജി, കമല്‍ഹാസന്റെ പാപനാശം, വിജയ്യുടെ തുപ്പാക്കി, ബിഗില്‍, അജിതിന്റെ വിശ്വരൂപം, ധനുഷിന്റെ അസുരന് തുടങ്ങിയ സൂപ്പര്‍താര ചലച്ചിത്രങ്ങളും കണ്ണും കണ്ണും കൊള്ളയടിത്താല്‍, പരിയേറും പെരുമാള്‍, ഓം മൈ കടവുളേ തുടങ്ങിയ ചലച്ചിത്രങ്ങളുമാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 17-നാണ് തിയേറ്ററുകള്‍ അടച്ചിട്ടത്. സര്‍ക്കാര്‍ നിബന്ധനകളനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാണ് തിയേറ്ററുകള്‍ തുറന്നതെങ്കിലും കാണികള്‍ കുറവായിരുന്നു. 50 ശതമാനം കാണികള്‍ എത്തിയ തിയേറ്ററുകള്‍ നാമമാത്രമായിരുന്നു. പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിക്കുമ്പോൾ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകള്‍.
നവംബര്‍ ഒന്നിനാണ് തിയറ്ററുകള്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 50 ശതമാനം സീറ്റിങ് കപാസിറ്റിയോടെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. സിനിമാ പ്രദര്‍ശനത്തിനിടെ മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ തിയേറ്ററുകളോട് ആവശ്യപ്പെട്ടിരുന്നു.
