പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു

പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിച്ചു. പേരിയ വില്ലേജ് ഓഫീസില്‍ നടന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഫലകം അനാച്ഛാദന ചടങ്ങ് ഒ.ആര്.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.
വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കേന്ദ്രമായ വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനായാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 159 വില്ലേജ് ഓഫീസുകള്‍ കൂടി ആധുനികവത്ക്കരിക്കുകയാണ്. ഇവയുടെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിക്കുന്നതോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ആകെ എണ്ണം 305 ആകും. ആധുനിക സൗകര്യങ്ങളോടു കൂടിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ ലഭ്യമാക്കുകയും ഇ-ഗവേണന്‍സിന്റെ സഹായത്തോടുകൂടി വേഗത്തിലും സുതാര്യമായും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയുമാണ്് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ റവന്യൂ ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. എല്ലാ വില്ലേജ് ഓഫീസുകളിലും കറന്‍സി രഹിതമായി നികുതി സ്വീകരിക്കുന്ന സംവിധാനം നടപ്പാക്കുന്നതിനുളള നടപടിയും അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്, മാനന്തവാടി തഹസില്‍ദാര്‍ ജോസ് ചിറ്റിലപ്പള്ളി, തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബാബു ഷജില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എന്‍.എം.ആന്റണി, പേരിയ വില്ലേജ് ഓഫീസര്‍ കെ.കെ.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


There are no comments at the moment, do you want to add one?
Write a comment