ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു കാള്‍ട്ടന്‍ ചാപ്മാന്. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രില്‍ പ്രവേശിപ്പിക്കുന്നത്. 49 വയസായിരുന്നു
ഇന്ത്യന്‍ ഫുട്ബാളിന്റെ ഇതിഹാസങ്ങളില്‍ ഒരാളായി വിലയിരുത്തുന്ന ചാപ്മാനെ മിഡ്ഫീല്‍ഡ് മാന്ത്രികന് എന്നാണറിയപ്പെട്ടിരുന്നത്.1995 മുതല്‍ 2001 വരെ ഇന്ത്യന്‍ ചാപ്മാന് ഇന്ത്യക്കായി ബൂട്ടുകെട്ടി. മധ്യനിരയില്‍ കളിമെനയുന്നതില്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന്റെ ആ മികവ് കൂടിയാണ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ചാപ്മാനെ എത്തിച്ചതും.
ടാറ്റ ഫുട്ബാള്‍ അക്കാദമിയിലൂടെ കാല്പന്ത് മൈതാനത്ത് അരങ്ങേറിയ ചാപ്മാന് ഈസ്റ്റ്ബംഗാള്‍, ജെ.സിടി, എഫ്.സി കൊച്ചിന് തുടങ്ങിയ ക്ലാബുകള്ക്കായും പന്തുതട്ടി. അന്ന് ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും രാമന് വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ കരുത്തുറ്റ മധ്യനിരയെ നിയന്ത്രിച്ചതും കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു.1993ലെ ഏഷ്യന്‍ വിന്നേഴ്സ് കപ് ടൂര്‍ണമെന്റില്‍ ഇറാഖിക്ലബ് അല്‍ സവ്റക്കെതിരെ ഈസ്റ്റ്ബംഗാള്‍ ജേഴ്സിയില്‍ ചാപ്മാന് നേടിയ ഹാട്രിക് ഗോള്‍ ഇന്ത്യന്‍ ഫുട്ബാളിന്റെ പോയകാല സ്മരണകളായി കളിപ്രേമികളുടെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നുണ്ട്.
ഔദ്യോഗിക വിരമിക്കലിന് ശേഷം പരിശീലകന്റെ കുപ്പായവും ചാപ്മാന് അണിഞ്ഞിരുന്നു