കൊല്ലം :ഏഴടിയിലധികം താഴ്ചയുള്ള ഓടയിൽ വീണു പോയ കുഞ്ഞാടിന് ട്രാക്ക് വോളന്റിയേഴ്സിന്റെ സമയോചിത ഇടപെടൽ രക്ഷയായി മാറി.
കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിന് സമീപമുള്ള ഓടയുടെ ആഴമുള്ള ഭാഗത്താണ് ആട്ടിൻകുട്ടി വീണു കിടന്നത്. ഓടയുടെ മുകളിൽ കാടു മൂടി കിടക്കുന്നതിനാൽ ഉള്ളിലാരെങ്കിലും വീണു കിടന്നാൽ പുറത്തു നിന്ന് അറിയുകയേയില്ല. സ്ളാബ് ഇല്ലാത്ത ഈ ഓടയിൽ ഇതിനുമുൻപ് ഒരു മനുഷ്യൻ അപകടത്തിൽപ്പെട്ടിട്ടുള്ളതാണ്.
ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ട്രാക്ക് സഹകാരികളായ ബ്രൈറ്റ്ലി ബോസ്കോ, ഇഗ്നേഷ്യസ് ജി ജോസ് എന്നിവർ ഓടക്കു സമീപം കൂടി പോയപ്പോഴാണ് ആട്ടിന്‍കുട്ടിയുടെ നിലവിളി കേട്ടത്.
തുടർന്ന് ട്രാക്ക് വോളന്റിയേഴ്സ് ആയ മുഹമ്മദ്, തങ്ങൾ, വിഷ്ണു ജയൻ, സൽമാൻ,ട്രാക്ക് എക്സിക്യൂട്ടീവ് അംഗം രഞ്ജിത്, റെഡ്ക്രോസ് സെക്രട്ടറി അജയകുമാർ എന്നിവരെ വിളിച്ചു വരുത്തുകയും മുഹമ്മദ്, തങ്ങൾ എന്നിവർ ഓടയിൽ ചാടി ആട്ടിൻകുട്ടിയെ രക്ഷിക്കുകയായിരുന്നു.
ആട്ടിൻകുട്ടിയെ റെഡ്ക്രോസ് ഹാളിൽ കൊണ്ട് ചെന്നു പരിചരിക്കുകയും കൊച്ചുപിലാംമൂടിന് സമീപമുണ്ടായിരുന്ന ആട്ടിൻകൂട്ടത്തിൽ കൊണ്ടുപോയി അമ്മയാടിനോട് ചേർത്ത് വിടുകയും ചെയ്തു
