തൊടുപുഴ : കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായ 49 പേർക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിച്ചു. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും അനുഭവപ്പെട്ടിരുന്നു.
അപകടത്തിൽ 17 പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.