ഹരിപ്പാട് : നഗരത്തിലെ ഗാന്ധി സ്ക്വയറിന്റെ നിര്‍മാണം പുനരാരംഭിച്ചു. മൂന്നുവര്‍ഷം മുന്‍പ് പണി തുടങ്ങി എങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞദിവസം മേല്‍ക്കൂരയുടെ പണിതുടങ്ങി. ഓണത്തിന് മുന്‍പ് ബാക്കി ജോലികൂടി പൂര്‍ത്തിയാക്കാനാണ് ശ്രമം. മേല്‍ക്കൂര പൂര്‍ത്തിയാക്കുന്നതിനു പിന്നാലെ സ്റ്റേജും ചുറ്റുമതിലും ഒരുക്കും. ഇതോടെ, ഇവിടെ പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് മൂന്നുവര്‍ഷം മുന്‍പാണ് ഗാന്ധി സ്ക്വയര്‍ നിര്‍മാണം തുടങ്ങിയത്. നഗരമധ്യത്തില്‍ പൊതുസമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വാഹന പാര്‍ക്കിങ് തുടങ്ങിയവയാണ് ലക്ഷ്യമിട്ടത്. നഗരം ചുറ്റിയൊഴുകുന്ന പിള്ളതോട്ടില്‍ ഏറ്റവുമധികം മാലിന്യം തള്ളുന്നത് ഈ ഭാഗത്തായിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കാന്‍കൂടിയാണ് പദ്ധതിയിട്ടത്.
സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡാണ് പണി ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ജോലി തടസ്സമില്ലാതെ നടന്നെങ്കിലും പകുതിയായപ്പോഴേക്കും നിലച്ചുപോയി.ഇതോടെ, ഗാന്ധി സ്ക്വയറിന്റെ ഒരുഭാഗം വഴിയോരക്കച്ചവടക്കാര്‍ കൈയേറി.