ആലത്തൂർ : കോവിഡ് കാലത്ത് എല്ലായിടത്തും ഫസ്റ്റ് ബെൽ മുഴങ്ങാൻ ആലത്തൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ആലത്തൂർ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തിൽ 155 ടി.വികൾ വിതരണം ചെയ്തു. നിയോജക മണ്ഡലംതല ഉദ്ഘാടനം കെ.ഡി പ്രസേനൻ എം എൽ എ നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിന് കുട്ടികൾ ഏറെ ആശ്രയിക്കുന്ന അങ്കണവാടികളും വായനശാലകളും ക്ലബ്ബുകളും അടങ്ങുന്ന പ്രാദേശിക പഠന കേന്ദ്രങ്ങളിലായി 150 ടിവികളാണ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചതെങ്കിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ ആവശ്യപ്രകാരം 155 ടിവികൾ എത്തിക്കാൻ കഴിഞ്ഞതായി പരിപാടി ഉദ്ഘാടനം ചെയ്ത് കെ.ഡി പ്രസേനൻ എം എൽ എ പറഞ്ഞു. അഭ്യർത്ഥന ഏറ്റെടുത്ത് നിരവധി വ്യക്തികളും കൂട്ടായ്മകളും സാമ്പത്തികം സഹായം നൽകി പദ്ധതിയുടെ ഭാഗമായി. സാമ്പത്തികമായി പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായമാവുന്ന ദിശയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേലാർകോട് ഗ്രാമപഞ്ചായത്ത്- 19, ആലത്തൂർ- 24, വണ്ടാഴി- 25, കിഴക്കഞ്ചേരി- 24, കുഴൽമന്ദം- 21, എരിമയൂർ- 25, തേങ്കുറുശ്ശി- 17 എന്നിങ്ങനെയാണ് ടിവികൾ വിതരണം ചെയ്തത്. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ കെ.എസ്.എഫ്.ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഓൺലൈൻ പഠനത്തിനായി പഞ്ചായത്തുകൾ നിർദ്ദേശിച്ച അങ്കണവാടികളും വായനശാലകളും ക്ലബ്ബുകളും അടങ്ങുന്ന 155 പൊതു പഠന കേന്ദ്രങ്ങൾക്കാണ് ടി വികൾ വിതരണം ചെയ്തത്. മണ്ഡലതല ഉദ്ഘാടനത്തിനു ശേഷം എല്ലാ പഞ്ചായത്തുകളിലും ടിവികൾ എത്തിച്ചു. ആലത്തൂർ ആലിയാ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എ നാസർ അധ്യക്ഷനായി. ദിശ കൺവീനർ വി ജെ ജോൺസൺ, വൈസ് പ്രസിഡന്റ് കെ രമ, ബി സി മോഹനൻ എന്നിവർ സംസാരിച്ചു.