തൃത്താല : പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന തൃത്താല-കുമ്പിടി റോഡിലെ കുമ്മട്ടിക്കാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാക്കനാരുടെ പിന്മുറക്കാരായ ഈരാറ്റിങ്ങല്‍ കോളനി നിവാസികള്‍ സംസ്ഥാന പട്ടിക ജാതി-വര്‍ഗ ക്ഷേമ വകുപ്പുമന്ത്രിക്ക് നിവേദനം നല്കി. കുമ്മട്ടിക്കാവില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അനധികൃത കച്ചവടങ്ങളും അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും പ്രസിദ്ധമായ പാക്കനാര്‍ കാഞ്ഞിരവും അതോടനുബന്ധിച്ചുള്ള കാവും പരിസരവും സംരക്ഷിക്കുന്നതിന് നടപടി വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി പാക്കനാരുടെ പിന്മുറക്കാര് ആരാധന നടത്തുന്ന സ്ഥലമാണ് കുമ്മട്ടിക്കാവ്. പാക്കനാര്‍ കാഞ്ഞിരം തൃത്താലയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ അടയാളം കൂടിയാണ്. ജാതമതവര്ഗ ചിന്തകള്‍ക്ക് അതീതമായി നാടിന്റെ മതേതര മൂല്യങ്ങളെ മുറുകെ പിടിച്ച് പാക്കനാര്‍ തോറ്റവും മറ്റ് മതപരമായ ചടങ്ങുകളും ഇവിടെ നടത്തി വരുന്നുണ്ട്.
പാക്കനാരുടെ പിന്മുറക്കാര് ഏറെ പവിത്രമായി കണ്ടുവരുന്ന ഈ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്. അറവുമാടുകളെ ഇവിടെ കൊണ്ടുവന്ന് നിര്‍ത്തുകയും അവയുടെ ചാണകവും മൂത്രവും കൊണ്ട് പരിസരമാകെ മലിനമാക്കപ്പെടുന്നുണ്ട്. ഇത് വിശ്വാസത്തെയും ആരാധനാ സമ്പദായങ്ങളെയും വേദനിപ്പിക്കുന്നതായും നിവേദനത്തില്‍ പറയുന്നു.
സാമൂഹ്യവിരുദ്ധര്‍ കാവിന്റെ പരിസരത്തും മദ്യപാനവും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത് ഈ സ്ഥലത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു.കുമ്മട്ടിക്കാവിന്റെ സ്ഥലം കയ്യേറി അനധികൃത കച്ചവടം നടത്തുന്നതായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഈ സ്ഥലം മതില്‍കെട്ടി സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്നും ഈരാറ്റിങ്ങല്‍ കോളനി നിവാസികള്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഇതേ ആവശ്യമുന്നയിച്ച് വി.ടി.ബല്‍റാം എം.എല്‍.എ, തൃത്താല പഞ്ചായത്ത് ഭരണസമിതി എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
