പാലക്കാട് : നഗരത്തിലെ ഒവി വിജയൻ പ്രതിമ എടുത്തു മാറ്റിയ സംഭവത്തിൽ നിയമ നടപടികളിൽ നിന്ന് നഗരസഭ പിന്നോക്കം പോയത് സിപിഎം- ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സംസ്കാര സാഹിതി ജില്ല ചെയർമാൻ ബോബൻ മാട്ടുമന്ത. നഗരസഭ ഓഫീസിന് തൊട്ടടുത്ത് എസ്ബിഐ. ജംഗ്ഷനിലെ ഒവി വിജയൻ പ്രതിമ അപ്രത്യക്ഷമായി ഇന്ന് ഒരു വർഷം പൂർത്തിയായിട്ടും കേസ് ഫയൽ ചെയ്യാനോ കേസിൽ കക്ഷി ചേരാനോ തയ്യാറാവാത്ത നഗരസഭ നിലപാടിൽ പ്രതിഷേധിച്ച് സംസ്കാര സാഹിതി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്ബിഐ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ നടപടികൾ ആരംഭിക്കാതെ പാലക്കാട് നഗരസഭ നടത്തുന്ന ഒളിച്ചുകളി വിജയനോടുള്ള അനാദരവാണ്. നിയമ നടപടി സ്വീകരിക്കുമെന്ന് തുടക്കത്തിൽ നഗരസഭ വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. നഗരസഭയുടെ രേഖാമൂലമുള്ള അനുമതിയോടെ സ്ഥാപിച്ച പ്രതിമ കണ്ടെത്തി പുനസ്ഥാപിക്കാനുള്ള ബാധ്യത നഗരസഭയ്ക്കുണ്ട്. നിലവിൽ പ്രതിമ നഷ്ടമായത് സംബന്ധിച്ച് ബോബൻ മാട്ടുമന്ത നല്കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഗിരീഷ് നൊച്ചുള്ളി, ഹരിദാസ് മച്ചിങ്ങൽ, പിവി സഹദേവൻ, അഡ്വ. രമേഷ് കണ്ണന്നൂർ, റഫീഖ് കാറൽമണ്ണ, വികെ കുട്ടൻ, കലാധരൻ ഉപ്പുംപാടം, ഉമ്മർ ഫാറൂഖ്, ദീപക് കിണാശ്ശേരി, മുഹമ്മദലി പിരായിരി എന്നിവർ സംസാരിച്ചു.