പാലക്കാട് : സുഹൃത്തിനൊപ്പം മീങ്കര ഡാം സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടിയെ സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിനതടവും 1.85 ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പൊള്ളാച്ചി ആളിയാര്‍ അമ്മന്പതി പന്തക്കല്‍ പണ്ണപ്പള്ളം ശരവണകുമാ (37) റിനാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് മുരളീകൃഷ്ണ ശിക്ഷിച്ചത്. പോക്സോ നിയമമടക്കം വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇതുപ്രകാരം 20 വര്‍ഷം കഠിനതടവാണ് അനുഭവിക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം.
2018 ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം അണക്കെട്ട് കാണാനെത്തിയ പതിനേഴുകാരിക്കാണ് സദാചാര പോലീസ് ചമഞ്ഞുള്ള നീക്കത്തില്‍ പീഡനത്തിന് ഇരയാകേണ്ടിവന്നത്. പെണ്‍കുട്ടിയെയും സുഹൃത്തിനേയും പ്രതി ശരവണകുമാര്‍ ഡാം ജീവനക്കാരനെന്ന വ്യാജേനയാണ് സമീപിച്ചത്. ഇരുവരും ചേര്‍ന്ന് ഡാമില്‍ എത്തിയത് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സദാചാര ഗുണ്ടായിസം പുറത്തെടുത്തത്.
ഭീഷണിയിലൂടെ ആണ് സുഹൃത്തിനെ തനിച്ച് വീട്ടിലേക്ക് അയച്ചു. പെണ്‍കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് ആണ്‍സുഹൃത്തിനോട് വിശദീകരിച്ചാണ് പെണ്‍കുട്ടിയെ ഗോവിന്ദാപുരം പാപ്പാന്‍ചള്ളയില്‍ നിന്നും ബസ് കയറ്റിവിട്ടത്. അതിനുശേഷം ബസിനെ പിന്തുടര്‍ന്ന ശരവണകുമാര്‍ തൊട്ടടുത്ത സ്റ്റോപ്പായ വലിയചള്ള ഭാഗത്തു വച്ച് ബസ് തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബസില്‍ നിന്നിറക്കുകയും സ്വന്തം വാഹനത്തില്‍ കയറ്റി അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷന് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ മാല കവരുകയും ചെയ്തെന്ന് കേസിലുണ്ട്. പ്രതി ഡാമില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ മോഷ്ടിക്കുന്നതിനാണ് അവിടെ കറങ്ങിയിരുന്നതെന്നും കേസിലുണ്ട്.
കേസില്‍ ആകെ 32 സാക്ഷികളെയാണ് വിസ്തരിച്ചത്. അന്നത്തെ കൊല്ലങ്കോട് പോലീസ് ഇന്‍സ്പെക്ടര്‍ കെ പി ബെന്നിയാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി സുബ്രഹ്മണ്യന് ഹാജരായി.