കാലവർഷം കനത്തതോടെ നിരത്തുകളിൽ വാഹനാപകടം പതിവ് കാഴ്ചയായി. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ നടന്ന വ്യത്യസ്ഥ സംഭവങ്ങളിൽ ഏതാനും പേർക്ക് പരിക്കേറ്റു. കപ്പൂർ പഞ്ചായത്തിലെ അരിക്കാട് ഇരുപതടി താഴ്ചയിലേക്ക് കാർ
വീണു. അപകടത്തിൽ രണ്ടു പേർക്ക് പരിക്ക് പറ്റി. വന്‍ ദുരന്തമാണ് ഒഴിവായത്. പറക്കുളം അരിക്കാട് റോഡില്‍ വെളറചോലക്കു സമീപം ഇരുപത് അടിയോളം താഴ്ചയിലുളള വീടിന്റെ മുറ്റത്തേക്കാണ് കാര്‍ വീണത്.
മഴ കാരണം എല്ലാവരും വീട്ടിനുളളിലായതിനാല് വൻ അപകടം ഒഴിവായി. കാര്‍ വീണതിന്റെ ഏതാനും അടി അകലെ ആഴമുളള കിണറുമുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന അരിക്കാട് സ്വദേശി വേളാത്ത് അനൂപ് (28), സുഹൃത്ത് കൂടല്ലൂർ സ്വദേശി വിപിന്‍ദാസ് (27) എന്നിവരെ നിസാര പരുക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടാമ്പി – പുലാമന്തോൾ സംസ്ഥാന പാതയിൽ ആമയൂർ പുതിയ റോഡിൽ മീൻ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. വാഹന ഗതാഗതം കുറവായതിനാൽ വൻ വിപത്ത് വഴിമാറി. റോഡിൻ്റെ വളവ് മൂലം ഇവിടെ അപകടം പതിവാണ്. തുടർച്ചയായി ഈ ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുകയാണ്. പാലക്കാട് കോട്ടായിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. പുതൂർ റോഡിലെ വളവിലാണ് അപകടം. വാഹനങ്ങളുടെ അമിതവേഗതയാണ് വിവിധ അപകടങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.