മധുവിനെ പ്രതിചേർത്ത് വ്യാജവാർത്ത

മരിച്ചു പോയാലും വിട്ടൊഴിയാത്ത സോഷ്യൽ മീഡിയ ആക്രമണം
പാലക്കാട് : ആ ദയനീയ ചിത്രം ഇപ്പോഴും നമ്മുടെ കൺമുന്നിൽ ഉണ്ടാവും. വിശപ്പ് സഹിക്കാനാകാതെ ഒരു നേരത്തേ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് മനഃസാക്ഷിയില്ലാത്ത ഒരു കൂട്ടം ആളുകളുടെ മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിനെ മരിച്ച് മണ്ണടിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും വേട്ടയാടി സാമൂഹിക മാധ്യമങ്ങൾ. ഗർഭിണിയായ ആനയെ കൊന്ന വ്യക്തി എന്ന നിലയിലാണ് ഉത്തരേന്ത്യൻ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകി മധുവിനെ ആഘോഷിക്കുന്നത്.

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിക്കുകയും എല്ലാ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആനയുടെ ചിത്രത്തിനൊപ്പം ദേശീയ മാധ്യമങ്ങളിൽ പ്രചരിച്ച ഒരാളുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അത് അട്ടപ്പാടിയിലെ മധുവിന്റേതായിരുന്നു. ഇയാൾ ഗർഭിണിയായ ആനയെ കൊന്നതായാണ് പോസ്റ്റിൽ പറയുന്നത്. ഇതിന് ഇയാൾക്ക് കഠിന ശിക്ഷ നൽകണമെന്ന് മുറവിളി ഉയരുകയും ചെയ്തു. അതേസമയം, നൽകിയ വാർത്തയും ഫോട്ടോയും തെറ്റാണെന്ന് മനസ്സിലാക്കിയ മാധ്യമങ്ങൾ പോസ്റ്റ് പിൻവലിക്കുകയും ഫോട്ടോയിലുള്ള വ്യക്തിക്ക് ആനയുടെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത് രംഗത്തെത്തി.
എന്നാൽ, മധുവിന്‌റെ കൊലപാതകം ഇന്നും പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആനക്ക് വേണ്ടി നിലവിളി കൂട്ടുന്ന പ്രബുദ്ധ ജനങ്ങൾ ഇപ്പോഴും നീതി കിട്ടാതെ ഉഴലുന്ന മധുവിന് വേണ്ടി നമ്മളെന്ത് ചെയ്‌തെന്ന് ആത്മപരിശോധന നടത്തണം. 2018 ഫെബ്രുവരി 22നാണ് 27കാരനായിരുന്ന അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു അതിക്രൂരമായ മർദനത്തിനിരയായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊല്ലപ്പെട്ടത്.
There are no comments at the moment, do you want to add one?
Write a comment