കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിൽ ആശങ്കയേറുന്നു.

പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലൂടെ 31 പേർക്ക് കോവിഡ് ബാധിച്ചത് ആശങ്ക വർധിപ്പിക്കുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ പേർ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയതോടെ പാലക്കാട് സമൂഹ വ്യാപന ഭീതി നേരിടുകയാണ്. ഇതിനകം 21 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. വാളയാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനപാലകർക്കും കോവിഡ് പിടിപെട്ടു. പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് അടക്കം ഇരുപതിലേറെ ജീവനക്കാർ ക്വാറണ്ടൈയിനിലാണ്. ഇതോടെ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
ലോക് ഡൗണിൽ ഇളവുകൾ വന്നതോടെ വാളയാർ അതിർത്തിയിൽ സുരക്ഷാവീഴ്ച സംഭവിച്ചതും വ്യാപനത്തിന് കാരണമായെന്ന് ആക്ഷേപമുണ്ട്. കോവിഡ് രോഗികളുടെ വർധന മേയ് 15നു ശേഷമാണ് സംഭവിച്ചതെന്ന് കണക്കുകൾ പറയുന്നു.
ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24ന് ഒരു കോവിഡ് കേസ് മാത്രമാണ് റിപ്പോർട് ചെയ്തത്. ഏപ്രിൽ 30നും മേയ് 12നും മധ്യെ ഒരു കേസും റിപ്പോർട് ചെയ്യപ്പെട്ടിരുന്നില്ല. മേയ് 12നു ശേഷം കേസുകൾ കൂടി.
14 രോഗികളുണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് ക്രമാതീതമായ വർധന ഉണ്ടായി. മേയ് 15ന് 9, 23ന് 19, 27ന് 89, 30ന് 128, ജൂൺ രണ്ടിന് 143, ആറിന് 172 എന്നിങ്ങനെ രോഗികളുടെ എണ്ണം ഉയർന്നു. ഇതിനിടയിൽ രോഗവിമുക്തി നേടിയത് 44 പേർ മാത്രമാണ്. സ്ഥിതി ഗുരുതരമായി തുടരുമ്പോഴും ജാഗ്രതയില്ലാതെയാണ് ആളുകൾ പെരുമാറുന്നതെന്നും മാസ്ക് ധരിക്കുന്നതിലും സാമൂഹ്യ അകലം പാലിക്കുന്നതിലും ശ്രദ്ധിക്കുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്. ചില കോവിഡ് സെൻ്ററുകളുടെ പ്രവർത്തനം നിരുത്തരവാദപരമാണെന്നും കഴിഞ്ഞ ദിവസം ആക്ഷേപമുയർന്നിരുന്നു. പട്ടാമ്പിയിലെ കോവിഡ് സെൻററിൽ നിന്ന് വീട്ടിലേക്ക് വിട്ടയാൾക്ക് കോവിഡ് പോസിറ്റീവായ സംഭവമുണ്ടായെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ആക്ഷേപമുന്നയിച്ചിരുന്നു.
There are no comments at the moment, do you want to add one?
Write a comment