ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ പരമാവധി മധ്യസീറ്റുകള്‍ ഒഴിച്ചിടണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ നിരക്ക് വര്‍ധിക്കുന്നതിനാല്‍ മധ്യസീറ്റ് ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരുന്നത്. എന്നാല്‍ അടുത്തിടെ സുപ്രീം കോടതി ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഇക്കാര്യത്തില്‍ ഡിജിസിഎ നിലപാട് മാറ്റുകയായിരുന്നു.
ഏതെങ്കിലും സാഹചര്യത്തില്‍ ഒരു യാത്രക്കാരന് മധ്യസീറ്റ് അനുവദിച്ചാല്‍ മാസ്‌കിനും ഷീല്‍ഡിനും പുറമെ, കേന്ദ്ര ടെക്‌സ്റ്റയില്‍സ് മന്ത്രാലയം അനുവദിച്ച ശരീരം പൂര്‍ണമായും മൂടുന്ന ഗൗണ്‍ കൂടി അയാള്‍ക്ക് നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്ക് മധ്യസീറ്റ് അനുവദിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കി.
ഇടക്കിടെ വിമാനം അണുവിമുക്തമാക്കുക, ക്യാബിനിലെ വായു മാറ്റുക, ആരോഗ്യപരമായ കാരണങ്ങളലാല്ലാതെ കുടിവെള്ളം, ഭക്ഷണം മുതലാവയ വിതരണം ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഡിജിസിഎ മുന്നോട്ടുവെക്കുന്നുണ്ട്. വിമാനങ്ങളില്‍ മധ്യസീറ്റ് ഒഴിച്ചിടണമെന്ന് സുപ്രീം കോടതി മെയ് 25ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തതിനാല്‍ ജൂണ്‍ ആറ് വരെ മധ്യസീറ്റില്‍ യാത്രക്കാരെ അനുവദിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു