വയനാട് : കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരണമടഞ്ഞു.
മെയ് ഇരുപതാം തീയതി ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തിൽ എത്തിയ കൽപ്പറ്റ സ്വദേശിനിയായ 53 വയസ്സുകാരിയെ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് 21ന് ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്മാറ്റി എെ സി യു വിൽ ആയിരുന്ന ഇവർ ഇന്ന് മൂന്ന് മണിക്കാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹം കോഴിക്കോട് തന്നെ മറവ് ചെയ്യാനുമാണ് പ്രാഥമികമായി തീരുമാനിച്ചിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 9 പേർ ഉൾപ്പെടെ 18 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് നിരീക്ഷണത്തിലായ 243 പേർ ഉൾപ്പെടെ നിലവിൽ 3871 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1558 ആളുകളുടെ സാമ്പിളുകളിൽ 1374 ആളുകളുടെ ഫലം ലഭിച്ചതിൽ 1350 നെഗറ്റീവും 24 ആളുകളുടെ സാമ്പിൾ പോസിറ്റീവുമാണ്. ഇന്ന് അയച്ച 21 സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 177 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1661 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതിൽ 1388 ഫലം ലഭിച്ചതിൽ 1388 ഉം നെഗറ്റീവാണ്. സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി ഇന്ന് 60 സാമ്പിളുകൾ അയച്ചിട്ടുണ്ട്.
ജില്ലയിലെ 10 ചെക്ക് പോസ്റ്റുകളിൽ 910 വാഹനങ്ങളിലായി എത്തിയ 1894 ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ഇന്ന് 180 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്, ഇതിൽ 180 ഉം പൊതുജനങ്ങളിൽ നിന്നുമായിരുന്നു. പാസ്സിന്റെ ലഭ്യത, കേരളത്തിലേക്കുള്ള വാഹന സർവീസുകളെ കുറിച്ചും, നിരീക്ഷണകാലാവധി മാനദണ്ഡങ്ങൾ തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനുമായിരുന്നു കൂടുതൽ വിളികളും.
ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 1568 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു.