മാസ്ക് നിര്‍ബന്ധം, പനിയുള്ളവരെ എഴുതാന്‍ അനുവദിക്കില്ല
തിരുവനന്തപുരം : നാളെ തുടങ്ങുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സിയുമാണ്. ഐ.ആര്‍. തെര്‍മോ മീറ്റര്‍ വച്ച് കുട്ടികളെ പരിശോധിച്ച് പനിയുണ്ടോ എന്ന് ഉറപ്പാക്കിയശേഷമാണ് ഹാളിനകത്തേക്ക് കയറ്റി വിടുക. പനിയുള്ളവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. മാസ്ക് ധരിച്ചുവേണം പരീക്ഷ എഴുതേണ്ടത്.
വീട്ടില്‍ നിന്ന് മാസ്ക് ധരിച്ചുവേണം പരീക്ഷാ ഹാളുകളില്‍ എത്തേണ്ടത്. നിശ്ചിത സമയം കഴിഞ്ഞെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അവസരമുണ്ടാവും.
അദ്ധ്യാപകരും മാസ്ക് ധരിച്ചിരിക്കണം. ഐ.ആര്‍. തെര്‍മോ മീറ്റര്‍ ഉള്‍പ്പെടെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് ഇന്ന് വിതരണം ചെയ്യും.
പതിമൂന്ന് ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സിയിലും ഹയര്‍സെക്കന്‍ഡറിയിലുമായി പരീക്ഷ എഴുതുന്നത്. എല്ലാ കുട്ടികള്‍ക്കും മാസ്കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളടങ്ങിയ ലഘുരേഖകളും വീടുകളിലെത്തിച്ചിട്ടുണ്ട്. കിട്ടാത്തവര്‍ക്ക് ഇന്ന് എത്തിക്കും. ഓരോ കുട്ടിയും പരീക്ഷാ കേന്ദ്രത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ മാര്‍ഗരേഖയിലുണ്ട്. അതനുസരിച്ച് വേണം പരീക്ഷ എഴുതാന്‍.
പരീക്ഷാ കേന്ദ്രങ്ങളില്‍ എസ്.എസ്.കെയുടെ പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. കുട്ടികള്‍ മാസ്ക് കൊണ്ടുവരാന്‍ മറന്നുപോയാല്‍ ഇവര്‍ പകരം മാസ്ക് നല്‍കും. പരീക്ഷ എഴുതുന്നതും ഹാളില്‍ എത്തുന്നതുമായ കുട്ടികള്‍ സാമൂഹിക അകലം പാലുക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. സാനിറ്റൈസര്‍, സോപ്പ് എന്നിവ ഉപയോഗിച്ച് കുട്ടികളും അദ്ധ്യാപകരും കൈകള്‍ കഴുകി വൃത്തിയാക്കണം. ഇതും എസ്.എസ്.കെ പ്രവര്‍ത്തകര്‍ ഒരുക്കും.കുട്ടികളെ തെര്‍മല്‍ സ്കാനിംഗ് നടത്തുന്നതും ഇവരാണ്.