കൊട്ടാരക്കര : കൊറോണയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റിട്ടയർ അദ്ധ്യാപകദമ്പതികൾ , തങ്ങളുടെ ഒരു വർഷത്തെ പെൻഷൻ തുകയായ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
കൊട്ടാരക്കര തൃക്കണ്ണമംഗൽ ചെക്കാലയിൽ പി.വൈ. പാപ്പച്ചനും ഭാര്യ പി . തങ്കമ്മയുമാണ് തങ്ങളുടെ ഒരു വർഷത്തെ പെൻഷൻ തുകയായ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫിസിൽ തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട കേരളാ വനം വകുപ്പ് മന്ത്രിക്ക് കൈമാറിയത്. കേരളാ ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻനായർ , കൊട്ടാരക്കര നഗരസഭാ വൈസ് ചെയർമാൻ ഡി. രാമകൃഷ്ണപിള്ള മക്കളായ ചാർളി, ശോഭ.പി ( പ്രഥമാദ്ധ്യാപിക CVNMLPS , തൃക്കണ്ണമംഗൽ ), സ്മിത പാപ്പച്ചൻ , മരുമക്കൾ – എം.പി. സുരേഷ് ബാബു ( ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ, കൊല്ലം), മാത്യു ( പോസ്റ്റൽ ഡിപ്പാർട്മെൻറ് ) അനിത , അനുജൻ ജോണി ചെക്കാല, വാർഡ് കൗൺസിലർ ലീല ഗോപിനാഥ് , ഒ. ബേബി, സജിചേരൂർ, സി.ഗോപാലകൃഷ്ണപിള്ള, വിക്രമൻപിള്ള, ജാക്സൺ രാജ് എന്നിവർ പങ്കെടുത്തു .

ഓടനാവട്ടം ഗവ: എൽ.പി. സ്കൂളിലെ റിട്ട. പ്രഥമാദ്ധ്യാപികയാണ് തങ്കമ്മ. ആദ്യം സൈന്യത്തിലും പിന്നീട് എസ്.കെ.വി.യു.പി. സ്കൂളിൽ അദ്ധ്യാപകനായിരുന്നു പാപ്പച്ചൻ. ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഇവർ വിരമിക്കൽ ജീവിതം യാത്രകൾ ചെയ്ത് ആസ്വദിക്കുന്നു എന്നതാണ് സവിശേഷത. യൂറോപ്പ്, ചൈന,ഓസ്ട്രേലിയ,യിസ്രായേൽ,ജെറുസലേം തുടങ്ങി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അറുപതു വർഷം മുൻപുള്ള ഡ്രൈവിംഗ് ലൈസൻസും അത്യപൂർവമായ പിച്ചള കൊണ്ടുനിർമ്മിച്ച ബാഡ്ജും കയ്യിലുണ്ട്. പാപ്പച്ചൻ ഇപ്പോഴും എത്ര കിലോമീറ്റർ വേണമെങ്കിലും വാഹനം ഓടിക്കാൻ തയ്യാറാണ്. പതിവുപോലെ തലയിൽ തോർത്തും കെട്ടി വാഹനമോടിച്ചാണ് കുടുംബങ്ങളോടൊത്ത് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ സഹായം കൈമാറാൻ എത്തിയത്.

വരുമാനത്തിന്റെ നിശ്ചിത വിഹിതം സാമൂഹ്യസേവനത്തിനായി മാറ്റിവയ്ക്കുന്നതിന് ഒരു മടിയുമില്ല. ആവശ്യമെങ്കിൽ ഇനിയും സഹായിക്കുമെന്ന് ഈ ദമ്പതികൾ പറയുന്നു. 2018 ലെ പ്രളയത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇവർ അഞ്ചുലക്ഷം രൂപ നൽകിയിരുന്നു. തൃക്കണ്ണമംഗൽ ഭാഗത്തെ സി.പി.ഐയുടെ ആദ്യകാല പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. ജനങ്ങളുടെ ദുരിതമകറ്റുന്നതിന് തന്നാലാകുന്ന കടമ നിറവേറ്റി എല്ലാവര്ക്കും നന്മയുണ്ടാകണമെന്ന് പ്രാർത്ഥിക്കുകയാണ് ഈ ദമ്പതികൾ…