ഉമ്മൻ ചാണ്ടിയുടെ കൈതാങ്ങ് : ശൂരനാട് വടക്ക് സ്വദേശി ജയന് ജീവൻരക്ഷാ മരുന്നുകൾ കൈമാറി.

ശാസ്താംകോട്ട : അപ്രതീക്ഷിതമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോണിലേക്ക് ഉഷയുടെ വിളിയെത്തിയത്. വിവരം അന്വേഷിച്ച അദ്ദേഹത്തോട് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഭർത്താവ് ജയന്റെ ജീവൻ നിലനിർത്താൻ ഉപകരിച്ചിരുന്ന മരുന്നുകൾ തീർന്നിരിക്കുന്നു. എത്രയും വേഗം മരുന്ന് വേണം. അവസ്ഥ വളരെ മോശമാണ്. വ്യക്കരോഗത്തിനൊപ്പം ഷുഗർ ബാധിച്ച് ഇരു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. ലോക് ഡൗൺ ആയതിനാൽ വീട്ടിലെ അവസ്ഥയും വളരെ ദയനീയം.ഉഷയുടെ വിതുമ്പൽ പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി. മറുതലയ്ക്കൽ അകലത്തിരുന്നു കൊണ്ട് ഉഷയുടെ കണ്ണീർ തുടച്ച് ആശ്വാസവാക്കുകളുമായി ഉമ്മൻചാണ്ടിയും. വേണ്ടതെല്ലാം ഉടനെ ഏർപ്പാടാക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ മറുപടിയിൽ ഉഷ ആശ്വാസം കൊണ്ടു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ശാസ്താംകോട്ട സുധീർ ഉഷയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ വില കൂടിയ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തു. ഇതിനൊപ്പം ഭക്ഷ്യധാന്യ കിറ്റുകളും കൈമാറി. മരുന്ന് തീരുന്ന മുറയ്ക്ക് വീണ്ടും എത്തിച്ചു നൽകാമെന്ന് ഉറപ്പും നൽകി. കൊല്ലം ശൂരനാട് വടക്ക് തെക്കേമുറി ഉഷസ്സിൽ ഉഷ ഭർത്താവിന്റെ ജീവൻ നിലനിർത്താൻ സഹായം തേടി പല വാതിലുകളും മുട്ടി തളർന്നശേഷമാണ് ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ നമ്പരിലേക്ക് വിളിച്ചത്. അഞ്ച് വർഷം മുമ്പാണ് 49 കാരനായ ജയനെ വ്യക്കരോഗം വേട്ടയാടിയത് . ഇതോടെ ജോലിക്കു പോലും പോകാൻ കഴിയാതെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നിർദ്ധന കുടുംബം കടക്കെണിയിലായി.
ഇതിനിടയിലാണ് ഷുഗർ ബാധിച്ച് ജയന്റെ കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടത്. ഉഷയ്ക്ക് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ താത്ക്കാലികമായി ഉണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ പ്രതീക്ഷകളും ഇരുളടഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഉഷയ്ക്ക് ജോലിക്കൊന്നും പോകാനും കഴിയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണമ്മൂല നേത്രരോഗ ആശുപത്രിയിലുമാണ് ജയന്റെ ചികിത്സ നടന്നു വരുന്നത്.
ലോക്ഡൗൺ കാരണം മുടങ്ങിയ കണ്ണിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ സഹായം നൽകാമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ശാസ്താംകോട്ട സുധീറിനൊപ്പം കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ എച്ച്.അബ്ദുൾ ഖലീൽ, ഷൈജു ശൂരനാട്,അബ്ദുള്ള സലീം,അർത്തിയിൽ ഷെഫീക്ക്,ദിലീപ് കുരുവിക്കുളം,മാവിളയിൽ ഷെഫീക്ക്, ജെസീം കാരൂർ,അൻസു ശൂരനാട്,അരുൺ ആന്റണി എന്നിവരും സഹായം കൈമാറൽ ചടങ്ങിൽ പങ്കെടുത്തു.
വാർത്ത : തൊളിയ്ക്കൽ സുനിൽ
There are no comments at the moment, do you want to add one?
Write a comment