വയക്കല്‍ : വേണാട് ഗ്രാനൈറ്റിന്‍റെ ക്രഷര്‍ യൂണിറ്റില്‍ നിന്നും അനധികൃതമായി എം. സാന്‍റ് കയറ്റിയ 14 ടിപ്പര്‍ലോറിയും ഒരു ജെ.സി.ബി യും കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ 4 മണിയോടുകൂടിയാണ് അനധികൃത എം.സാന്‍റ് കടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് പെര്‍മിറ്റോ പാസോ മറ്റ് അധികാരപത്രങ്ങള്‍ ഒന്നുമില്ലാതെ അതിരാവിലെ 4 മണിക്ക് അഞ്ച് ടിപ്പറില്‍ എം. സാന്‍റ് നിറച്ചും 9 ടിപ്പര്‍ ലോറി എം.സാന്‍റ് നിറക്കാനായി കാത്തുകിടന്നതും എം.സാന്‍റ് നിറക്കാനുപയോഗിച്ച ജെ.സി.ബി ഉള്‍പ്പെടെ 15 വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ എം.എം.ഡി.ആര്‍ പ്രകാരവും ലൈസന്‍സില്ലാതെ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച ഉടമക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. ക്രഷര്‍ യൂണിറ്റിന്‍റെ നടത്തിപ്പുകാരായ പള്ളിമണ്‍ ബിജുമന്ദിരത്തില്‍ കരുണാകരപിള്ള മകന്‍ ബിജു (40) പള്ളിമണ്‍ സുരേന്ദ്രഭവനില്‍ സുകുമാരന്‍ ഉണ്ണിത്താന്‍ മകന്‍ സുനില്‍ (19) വയക്കല്‍ പ്ലാവിള പുത്തന്‍ വീട്ടില്‍ അലക്സാണ്ടര്‍ മകന്‍ അലന്‍(20) എന്നിവരെയും വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊട്ടാരക്കര എസ്.ഐ. രാജീവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
