ശമ്പള ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി

കൊച്ചി : സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി. ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് എൻജിഒ അസോസിയേഷനും എൻജിഒ സംഘുമാണ് കോടതിയെ സമീപിച്ചത്.
സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അവകാശമുണ്ടെന്നും ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് പറഞ്ഞു. നിയമനിർമാണത്തിനുള്ള സാധ്യത ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിടിച്ച ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് അക്കാര്യം ഓർഡിനൻസിൽ തന്നെ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു മറുപടി. ആറു മാസത്തിനകം ശമ്പളം തിരികെ നൽകുന്നത് എപ്പോഴാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഓർഡിനൻസിൽ പറയുന്നുണ്ടെന്നും എജി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇപ്പോൾ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനെതിരേ ഉത്തരവുണ്ടായാൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. സാധാരണക്കാരെയാകും ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പളം പിടിക്കുന്നതിനായി സർക്കാർ നേരത്തേ അഡ്മിനിസ്ട്രേറ്റീവ് ഓർഡർ ഇറക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷ സംഘടനകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.
There are no comments at the moment, do you want to add one?
Write a comment