കൊട്ടാരക്കര : ക്വറന്റീനിൽ കഴിഞ്ഞു വീണ്ടും സജീവ പ്രവർത്തകനായി ട്രാക്കിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ട്രാക്ക് വോളന്റിയർ പൂയപ്പള്ളി സ്വദേശിയായ ഋഷി പ്രേം. മെക്കാനിക്കൽ എഞ്ചിനീയർ. ടി കെ എം ഇന്റർനാഷണൽ ഹോസ്റ്റൽ ഐസലേഷൻ സെന്ററിൽ വോളന്റിയർ ആയിരുന്നു. നിസാമുദീനിൽ പോയി കോവിഡ് 19 പോസിറ്റീവ് ആയ വ്യക്തിയെ പരിചരിച്ചു എന്ന കാരണത്താൽ കൊറന്റയിനിൽ പോകേണ്ടി വന്നു. ഇതേ വ്യക്തിയെ സെന്ററിൽ പരിശോധിച്ചിട്ടുള്ള ഡോക്ടറാണ് ഋഷിക്ക് മാത്രം കൊറന്റയിൻ നിർദേശിച്ചത് എന്നുള്ളത് വിരോധാഭാസം. ആരോഗ്യമേഖലയിലുള്ളവരുടെ വാക്ക് അവസാനവാക്കാകുമ്പോൾ കാരുണ്യം വഴിഞ്ഞൊഴുകുന്ന ഈ ചെറുപ്പക്കാരൻ മാത്രം ബലിയാടായി മാറി.
പക്ഷെ കീഴടങ്ങാൻ ഇയാൾ ഒരുക്കമായിരുന്നില്ല. കൊറന്റയിൻ കാലം ആഘോഷമാക്കി മാറ്റുകയായിരുന്നു ഋഷി . കവിതകൾ എഴുതിയും പാട്ടുകേട്ടും യോഗചെയ്‌തും ഡാൻസ് ചെയ്‌തും പി എസ് സി പരീക്ഷക്ക് പഠിച്ചും മനോഹരമായ, ക്രിയാത്മകമായ ഇരുപത്തിയെട്ടു ദിനങ്ങൾ. രണ്ടായിരത്തിപ്പതിനെട്ടിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ പഠനം കഴിഞ്ഞ ഋഷിക്ക് പുസ്തകങ്ങൾ ഇല്ലാതിരുന്നതിനാൽ സിവിൽ സർവീസിനുള്ള പഠനം നടത്താൻ കഴിയാത്തതാണ് കൊറന്റയിൻ കാലത്തെ ഏക സങ്കടം.
പഠനത്തിൽ മിടുക്കനായ ഋഷി എൻ സി സി യിൽ ‘സി’ സർട്ടിഫിക്കറ്റ് ഹോൾഡർ ആണ്. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഫയർമാൻ എക്സാം പാസായ റിസൾട്ട് വന്നതും ഈ കൊറന്റയിൻ കാലത്തെ സന്തോഷമാണ്.
മാർച്ച് പതിനഞ്ചു മുതൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ചു ട്രാക്ക് വോളന്റിയർ എന്ന നിലയിൽ ആരോഗ്യവകുപ്പിനൊപ്പം കോവിഡ് 19നെതിരായ പോരാട്ടത്തിൽ കൈകോർക്കുന്നുണ്ട് ഋഷി. കൊട്ടാരക്കര ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പനി നോക്കിയും ബോധവൽക്കരിച്ചും ശ്രദ്ധാർഹമായ പ്രവർത്തനമായിരുന്നു ഋഷി പ്രേം നടത്തിയത്. ഇന്നലെ വീട്ടിലേക്കു പോയെങ്കിലും വീണ്ടും ട്രാക്ക് ടീമിൽ ജോയിൻ ചെയ്തു സേവനം തുടരാനാണ് ഋഷിയുടെ തീരുമാനം. കോവിഡ് കാലത്തു ഭയന്ന് മാറിനിൽക്കുന്നവരുടെ ഇടയിൽ വ്യത്യസ്തനായി മാറുകയാണ് കാരുണ്യത്തിന്റെ ഈ തുറന്ന പുസ്തകം.