കൊച്ചി : എറണാകുളം ജില്ലയില്‍ മൂന്നു വയസുകാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇറ്റലിയില്‍നിന്നും മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 6 ആയി.
ഇറ്റലിയില്‍നിന്നും ദുബായ് വഴി മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഇവര്‍ നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്നത്.
തിങ്കളാഴ്ച രാവിലെ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചത്.
കുട്ടിയെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നി എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ചെറിയ തോതില്‍ പനിയുണ്ട്. ഇവരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
EK 503 ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് ഈ കുടുംബം നെടുമ്പാശേരിയില്‍ എത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.