പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ . ശമ്പളം ലഭിക്കാത്തതിന്റെ പേരിലും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് സമരത്തിന് കാരണമെന്നു ജീവനക്കാർ പറയുന്നത്. രണ്ടു മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് സർക്കാർ സംരംഭമായ 108 ആംബുലൻസിലെ ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ മാത്രം 15 ആംബുലൻസുകളിലായി 52 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇതിൽ 28 പേർ നേഴ്സുമാരാണ്. 108 ആംബുലൻസിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന ജി.വി.കെ കമ്പനി തങ്ങളെ കബളിപ്പിക്കുകയാണെന്നും ജോലിയിൽ പ്രവേശിക്കുമ്പോൾ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ച് കമ്പനി ആധികൃതർ പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ശമ്പളം ലഭിക്കുന്നില്ലെന്നുകാട്ടി ആരോഗ്യ വകുപ്പിനും കളക്ടർക്കും അടക്കം പരാതി നൽകിയിരുന്നു. ശമ്പളം ലഭിക്കാൻ ഇനിയും വൈകിയാൽ ആംബുലൻസ് സർവ്വീസ് പൂർണമായി നിർത്തിവെച്ച് സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.