ശൂരനാട്: കോയിക്കൽ ചന്ത സ്വദേശി ബെൻസനെ സംഘം ചേർന്നു ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ തൊടിയൂർ വടക്കു ചേലക്കോട്ടുകുളങ്ങര വാലയിൽ വീട്ടിൽ മധുസൂദനൻ(47), ആദിനാട് വടക്കു കുളിക്കാമഠം കൃഷ്ണസദനത്തിൽ മനോജ്(35) എന്നിവരാണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. പരാതിക്കാരന്റെ പിതാവ് ഓടിക്കുന്ന ഓട്ടോറിക്ഷ കരുനാഗപള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ഒന്നാം പ്രതിയുടെ മകളുടെ ദേഹത്ത് തട്ടിയിരുന്നു.
ഇതിനെ തുടർന്ന് പ്രതികളും പരാതിക്കാരനും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും, ഇതിലുള്ള വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്നു പരാതിക്കാരന്റെ വീട്ടിലെത്തി ജനൽ ഗ്ലാസ്സുകൾ അടിച്ചു തകർക്കുകയും ശബ്ദം കേട്ടിറങ്ങി വന്ന അദ്ദേഹത്തെ കമ്പിവടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും വലതു കൈക്കു പൊട്ടലുണ്ടാകുകയും ചെയ്തു. ഇതിനു ശേഷം കടന്നു കളഞ്ഞ പ്രതികളെ ശൂരനാട് പോലീസ് പിടികൂടുകയായിരുന്നു.