കൊല്ലം റൂറൽ പോലീസ് ജില്ലയിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പ്രവർത്തന മികവിനുള്ള ISO 9001-2015 പുരസ്കാരം. ക്രമസമാധാനപാലനം, കയറ്റകൃത്യങ്ങൾ തടയലും കണ്ടെത്തലും, സ്റ്റേഷൻ പരിധിയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കൽ കൂടാതെ മറ്റിതര പോലീസ് പ്രവർത്തനങ്ങളിലെ മികവിനാണ് പുരസ്കാരം ലഭിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കു പോലീസ് സ്റ്റേഷനിൽ കൃത്യമായ ക്ലാസ്സ് കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവ കൂടാതെ സൗജന്യ പി എസ് സി കോച്ചിങ് മദ്യപാനമുക്തിക്കായി കൗൺസിലിംഗ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ സേവനങ്ങൾ പൊതുജനങ്ങൾക്കായി ശാസ്താംകോട്ട സ്റ്റേഷനിൽ നിന്നും ലഭിച്ചു വരുന്നു. ശാസ്താംകോട്ട സ്റ്റേഷനിൽ വച്ച് കുന്നത്തൂർ എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോന് ഉദ്ഘാടനം ചെയ്ത പുരസ്കാര ദാനച്ചടങ്ങില്‍ കൊട്ടാരക്കര ഡി വൈ എസ് പി നാസറുദ്ദിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് അവർകൾ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മുഖ്യപ്രഭാഷണത്തിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ വലിപ്പമോ ഭംഗിയോ അല്ല മറിച്ചു സ്റ്റേഷനിൽ നിന്നും പൊതുജനങ്ങൾക്കു ലഭിച്ച മെച്ചപ്പെട്ട സേവനമാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്നും ശാസ്താംകോട്ട സ്റ്റേഷനിൽ ഒരു കോൺഫറൻസ് ഹാൾ പണിയുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും കൊല്ലം റൂറൽ ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥ അംഗബലം കുറവാണെന്നും ഈ അവസ്ഥയിലും എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജോലിയിൽ മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും അംഗബലത്തിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശാസ്താംകോട്ട ഇൻസ്പെക്ടർ വി എസ് പ്രശാന്ത് സ്വാഗതമരുളിയ ചടങ്ങിൽ ശാസ്താംകോട്ട എസ് ഐ ഷുക്കൂർ, മുൻ എസ് ഐ മാരായ രാജീവ്, നൗഫൽ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് മറ്റു ജനപ്രതിനിധികൾ പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ആശംസ അറിയിച്ചു. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സീനിയർ സിപിഒ ശിവകുമാർ എ എ നന്ദി അറിയിച്ചു.
