ആര്യങ്കാവ്: തമിഴ്നാട്ടിൽ നിന്നും ശേഖരിച്ച റേഷനരി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കരിഞ്ചന്തയിൽ വില്പനക്കെത്തിക്കുന്ന സംഘം അറസ്റ്റിൽ. ആര്യങ്കാവ് സ്വദേശികളായ സാമുവൽ(49), പി.ടി തോമസ് (62) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ. പി. എസ് ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തെന്മല എസ്.എച്ച്. ഒ മണികണ്ഠൻഉണ്ണിയുടെ നേതൃത്വത്തിൽ ആര്യങ്കാവിൽ നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കടത്തികൊണ്ട് വന്ന റേഷനരി പിടികൂടിയത്. വിലകുറഞ്ഞ അരി കേരളത്തിലെ കരിഞ്ചന്തയിൽ കൂടുതൽ വിലയ്ക്ക് മറിച്ച് വിറ്റ് ലാഭമുണ്ടാക്കി വരുകയായിരുന്നു ഇവർ. അറസ്റ്റിലാകുമ്പോൾ ഇവരുടെ വാഹനത്തിൽ നിന്നും 38 ചാക്കും തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ ഇവരുടെ ആര്യങ്കാവിലെ വീടുകളിലും, കഴുതുരുട്ടിയിലെ ഗോഡൗണിലും നിന്ന് വൻ റേഷനരി ശേഖരം കണ്ടെത്തുകയായിരുന്നു. ഇവർക്കെതിരെ തെന്മല പോലീസ് അവശ്യസാധന നിയമപ്രകാരം കേസെടുത്തു.
