ആലപ്പുഴ: വള്ളിക്കുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച അജാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലായിരുന്നു അജാസ് മരിച്ചത്. അജാസിന്റെ വിവാഹാഭ്യര്‍ത്ഥന നിരന്തരമായി നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു കാറിലെത്തിയ അജാസ് സ്കൂട്ടറില്‍ വരികയായിരുന്ന സൗമ്യയെ ഇടിച്ചിടുകയും തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും, രക്ഷപെടാന്‍ ശ്രമിച്ച സൗമ്യയെ വടിവാളുകൊണ്ട് വെട്ടുകയുമായിരുന്നു.സൗമ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്നലെ അജാസിനെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അജാസിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.