കൊട്ടാരക്കര: റേഷൻകടയിലേക്ക് കൊണ്ടുപോയ ഗോതമ്പുചാക്കുകൾ മിനിലോറിയിൽ നിന്നും കെട്ടഴിഞ്ഞു റോഡിൽ വീണു. റോഡരികിലേയ്ക്ക് ചാക്കുകൾ മാറ്റിയിട്ട ശേഷം ബാക്കിയുള്ള ലോഡുമായി അവർ പോയി. ഇന്നലെ തൃക്കണ്ണമംഗൽ ഗാന്ധിമുക്കിനു സമീപം രണ്ടരയോടു കൂടിയായിരുന്നു സംഭവം. തൃക്കണ്ണമംഗലിലെ നാല് റേഷൻ കടകളിൽ വിതരണത്തിനാണ് ഗോതമ്പ് കൊണ്ടു പോയതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ്. എ സെയിഫ് പറഞ്ഞു. ഗോതമ്പ് റോഡിൽ വീണത് ജീവനക്കാർ അറിഞ്ഞില്ലെന്നാണ് പരാതി. തൃക്കണ്ണമംഗൽ ജനകീയവേദീ പ്രസിഡൻ്റ് ജോൺ ഹാബേലാണ് വിവരം അറിയിച്ചത്. വിവരം അറിഞ്ഞ സപ്ലൈ ഓഫീസർ ലോഡിങ് തൊഴിലാളികളുമായി എത്തി, വാഹനം തിരിച്ചെത്തിച്ചു ഗോതമ്പു ചാക്കുകൾ കയറ്റിവിടുകയായിരുന്നു. സപ്ലൈ ഓഫീസറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഗോതമ്പ് ചാക്കുകൾ മഴവെള്ളത്തിൽ മുങ്ങി പോകാതെ സുരക്ഷിതമായി കടകളിലെത്തിക്കാൻ കഴിഞ്ഞു. റേഷൻ വിതരണം സുരക്ഷിതമാക്കാൻ നടപടി വേണമെന്ന് ഓൾ കേരള റേഷൻ റീട്ടെയിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടി ആവശ്യപ്പെട്ടു.
