കൊട്ടാരക്കര: വിവാഹത്തിനെത്തിയ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിൽ 8 പേർക്കെതിരെ കേസെടുത്തു; വിവാഹം അലങ്കോലമാകാതിരിക്കാന്‍ പോലീസിൻ്റെ സമയോചിത ഇടപെടല്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരമണിയോടെയാണു സംഭവം. ടൂറിസ്റ്റ് ബസുകളിലെ അനധികൃത ഹോണുകള്‍ നീക്കം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണു സംഘര്‍ഷമെന്നു പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് ഓട്ടം പോയ പത്തനാപുരം ഭാഗത്തെ ടൂറിസ്റ്റ് ബസുകളുടെ ഹോണുകള്‍ തിരുവനന്തപുരത്തെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നീക്കം ചെയ്തു.
അവിടത്തെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു നടപടിയെന്നാണ് ആരോപണം. വ്യാഴാഴ്ച തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയില്‍ കല്യാണ ഓട്ടത്തിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകളുടെ ഹോണുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.
ഇതിനു പിന്നില്‍ കൊല്ലം ജില്ലയിലെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഇടപെടലാണെന്ന് ആരോപിച്ചാണു തര്‍ക്കം തുടങ്ങിയത്. കല്യാണ സമയമായപ്പോഴേക്കും സംഘര്‍ഷം സംഘട്ടനത്തിലേക്കെത്തി. തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് ജീവനക്കാരനെ വിവാഹച്ചടങ്ങില്‍ നിന്നു പിടികൂടാന്‍ ചിലര്‍ ശ്രമിച്ചു. മാത്രമല്ല, വിവരം അറിഞ്ഞെത്തിയ പോലീസിനെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് സിഐ ബി.ഗോപകുമാറിൻ്റെ നേതൃത്വത്തില്‍ പോലീസെത്തി സംഘര്‍ഷക്കാരെ പിടികൂടുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.