കൊട്ടാരക്കരയിൽ ഐ മാൾ ഉദ്ഘാടനം: തിക്കിലും തിരക്കിലും ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര: പുതുതായി കൊട്ടാരക്കരയിൽ ആരംഭിച്ച ബഹുനില കുത്തക വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിനെത്തിയ താരപുത്രനായ യുവ താരത്തെ ഒരു നോക്കു കാണാനെത്തിയ ആരാധകൻ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീണു മരിച്ചു.തിരുവനന്തപുരം പ്രാവച്ചമ്പലംപറമ്പിക്കോണത്ത് ഹരി (45) ആണ് മരിച്ചത്. എം.സി.റോഡിൽ പുലമൺ പെന്തക്കോസ്തു സഭാ ആസ്ഥാനത്തിനു സമീപം ആരംഭിച്ച ബഹുനില വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 10 ഓടെയായിരുന്നു. താര പുത്രനായ യുവതാരമായിരുന്നു ഉദ്ഘാടകൻ.എം.സി.റോഡും ദേശീയ പാതയും നിശ്ചലമാക്കിക്കൊണ്ടായിരുന്നു ഉദ്ഘാടന മാമാങ്കം. ജനത്തെ നിയന്ത്രിക്കുന്നതിൽ പോലീസും പരാജയപ്പെട്ടു. താരപുത്രനെ ഒരു നോക്കു കാണാനെത്തിയ ആരാധകൻ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ജനത്തിരക്കുമൂലം ആശുപത്രിയിലെത്തിക്കുന്നതിലും കാലതാമസമുണ്ടായി.പോലീസെത്തി ആശുപത്രിയിെലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .വ്യാപാര സ്ഥാപന ഉടമകളുടെ ഗുണ്ടാസംഘം ആരാധകനെ മർദ്ദിച്ചതായും ആരോപണമുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷഷണമാരംഭിച്ചതായി സി.ഐ. ഗോപകുമാർ അറിയിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ.
സംഭവത്തില്‍ മാളിൻ്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വെച്ച് പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment