കുളക്കട: കുടുംബ വഴക്കിനെ തുടർന്ന് അംഗവൈകല്യമുള്ള ദമ്പതികൾ ഒരു മണിക്കൂർ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര കുളക്കട ലക്ഷം വീടു കോളനിക്കു സമീപം എബി സദനത്തിൽ സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സജി എബ്രഹാം കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്. ഇന്നലെ സന്ധ്യക്ക് സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഇതിനു ശേഷം സജി എബ്രഹാം സുഹൃത്തായ യുവാവിനൊപ്പം ഓട്ടോറിക്ഷയിൽ കയറി പുറത്തേക്കുപോയി. ഈ സമയം പൊന്നമ്മ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്ന്പുറത്തേക്കോടിയ ഇവരെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാത്രി 9.30 ഓടെയാണ് ഈ മരണം നടന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മടങ്ങിയെത്തിയ സജി എബ്രഹാം വീടിനുള്ളിൽ കയറി കതകടച്ചു.വിവരം പുത്തൂർ പോലീസിലറിയിറച്ചെങ്കിലും എത്തിച്ചേരാൻ വൈകി.പോലീസെത്തി കതക് തള്ളി തുറന്നു നോക്കുമ്പോൾ സജി എബ്രഹാം സ്വന്തം മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പൊന്നമ്മയുടെ മൃതശരീരം ഇന്നലെ രാത്രിയിലും സജി എബ്രഹാമിന്റെ മൃതശരീരം ഇന്നു രാവിലെയും കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കും മാറ്റി. പുത്തൂർ പോലീസ് കേസെടുത്തു.
ദിനു മകളും ലിബു മകനുമാണ്.
