മധുര: തമിഴ്നാട്ടിലെ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരത്തിനടുത്ത് വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രി 10.45 നാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 40ലേറെ കടകൾ കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനുശേഷമാണ് തീ നിയന്ത്രിക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
സ്വാമി സിദ്ധിനി മേഖലയിൽ വ്യാപാരികൾ കട അടച്ചശേഷമാണ് തീപിടിത്തമുണ്ടായത്. ക്ഷേത്രത്തോടനുബന്ധിച്ച മ്യൂസിയം ഭാഗത്തും തീ പടർന്നു. നിരവധി അഗ്നിശമന യൂനിറ്റുകൾ എത്തി. മധുര ജില്ല കലക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിരുന്നു. ക്ഷേത്രത്തിന് കേടുപാടില്ലെന്നാണ് പ്രാഥമിക വിവരം.