മുംബൈ: ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ചര്‍മ്മത്തില്‍ അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയിട്ട് ആഴ്ചകള്‍ മാത്രമേ ആയുള്ളൂ. 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ ജുനൂന് സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രം ആള്‍ട്ടറിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത വേഷമായിരുന്നു.
90 കളില്‍ അഞ്ച് വര്‍ഷത്തോളം ഈ സിരിയല്‍ സംപ്രേക്ഷണം തുടര്‍ന്നു. പ്രിയദര്‍ശൻ്റെ ബിഗ് ബജറ്റ് മലയാ ചിത്രം കാലാപാനിയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് ചിത്രം അനുരാഗകരിക്കിന്‍ വെള്ളം എന്ന സിനിമയിലും അദ്ദേഹം ചെറിയ വേഷം ചെയ്തിരുന്നു. 2008 ല്‍ പദ്മശ്രീ ബഹുമതി നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
80 കളിലും 90 കളിലും മികച്ച കളിയെഴുത്തുകാരനായും അദ്ദേഹം അറിയപ്പെട്ടു. ആദ്യമായി ടെലിവിഷന്‍ വേണ്ടി സച്ചിന് തെണ്ടുല്‍ക്കറെ അഭിമുഖം ചെയ്തത് ആള്‍ട്ടറായിരുന്നു. ഇന്ത്യക്ക് വേണ്ടി സച്ചിന് അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു ഈ അഭിമുഖം.
മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അമേരിക്കന്‍ വംശജരുടെ കുടുംബത്തിലെ അംഗമായി മുസൂറിയില്‍ 1950 ലായിരുന്നു ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണ മെഡലോടെ നടനത്തില്‍ ബിരുദം സ്വന്തമാക്കി.
രാമാനന്ത് സാഗറിൻ്റെ 1976 ല്‍ പുറത്തിറങ്ങിയ ചരസ് ആയിരുന്നു ആദ്യ ചിത്രം. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ് ആദ്യകാലത്തെ അദ്ദേഹത്തിൻ്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 90 കളില്‍ അദ്ദേഹം ബോളിവുഡിലെ സ്ഥിരം മുഖമായി. ആഷിഖിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത്ത് കിങ് എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ രാജ്യത്തിന് പുറത്തും അദ്ദേഹം മേല്‍വിലാസം നേടി.
ഡോ.വര്‍ഗീസ് കുര്യനെക്കുറിച്ചുള്ള ഓഡിയോ ജീവചരിത്രത്തിന് ശബ്ദം നല്‍കിയത് ആള്‍ട്ടറായിരുന്നു. ബോളിവുഡിന് പുറമെ ആസാമീസ്, മറാത്തി, ബംഗാളി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ജുനൂന് പുറമെ ഭാരത് ഏക് ഖോജ്, ശക്തിമാന്, ജുഗല്ബന്തി എന്നീ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സിനിമയിലും സീരിയലിലും നിറഞ്ഞുനില്‍ക്കുമ്പോഴും നാടകരംഗത്തും അദ്ദേഹം സജീവമായിരുന്നു. മൗലാന ആസാദ്, മിര്‍സ ഗാലിബ്, ടാഗോര്‍, ഐന്സ്റ്റീന്, മഹാത്മാഗാന്ധി എന്നീ വേഷങ്ങളെല്ലാം സ്റ്റേജിലും അദ്ദേഹം മികവോടെ അഭിനയിച്ചു. കരോള്‍ ആണ് ഭാര്യ, ജാമി, അഫ്സാന് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.