കൊച്ചി: ദിലീപ് ചിത്രമായ രാമലീല പ്രദര്‍ശനത്തിനെത്തി. കൊച്ചിയില്‍ ഫാന്‍സിൻ്റെ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു ആദ്യ പ്രദര്‍ശനം.എറണാകുളം സവിത തിയറ്ററിന് മുന്നില്‍ ദിലീപ് ആരാധകരുടെ ആഹ്ളാദ പ്രകടനം രാവിലെ 9 ന് തുടങ്ങി.പതിനൊന്ന് മണിയോടെ ദിലീപിൻ്റെ വലിയ കട്ടൗട്ടില്‍ പാലഭിഷേകം.
അതിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഓരോരുത്തരായി എത്തി. സംവിധായകന് അരുണ്‍ ഗോപി, നായിക പ്രയാഗ മാര്ട്ടിന്, നടന് ഷാജോണ്‍, നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം എന്നിവര്‍ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പങ്കുവെച്ചത്.
ചിത്രത്തിൻ്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് തിയറ്റര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. യുവജനസംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. അതേ സമയം സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന് അറിയിച്ചിരുന്നു.
നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകൻ്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്ട്ടിന്, വിജയ രാഘവന്, സിദ്ധിഖ്, ശ്രീനിവാസന്, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു. സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തിയ ദിലീപിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.