ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച കൂറ്റന്‍ ബോംബ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കണ്ടെത്തി. ‘ബ്ലോക്ബസ്റ്റര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബോംബാണ് ബുധനാഴ്ച കണ്ടെത്തിയത്. ബോംബ് ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തുനിന്നും എഴുപതിനായിരം പേരെ ഈ ആഴ്ചതന്നെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. യുദ്ധത്തിനു ശേഷം ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയാണിത്.
1,400 ടണ്‍ ഭാരമുള്ള ബ്രിട്ടീഷ് ബോംബാണ് കണ്ടെടുത്തതെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടി ഞായറാഴ്ച ആരംഭിക്കും. ബ്ലോക്ക്ബസ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ബോംബ് നഗരത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ ശേഷിയുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രാങ്ക്ഫര്‍ട്ടിലെ ഗോതെ യൂണിവേഴ്സിറ്റിയുടെ വെസ്റ്റ്എന്‍ഡ് കാമ്പനില് നിര്‍മ്മാണപ്രവര്‍ത്തനത്തിനായി കുഴിക്കവേയാണ് ബോംബ് കണ്ടെത്തിയത്. ബ്രിട്ടീഷ് സേന പ്രയോഗിച്ച ഉഗ്രശേഷിയുള്ള ബോംബായിരുന്നു ഇത്. ഇതിന്റെ ശേഷി ഇപ്പോള്‍ എത്രമാത്രമുണ്ടെന്ന് വ്യക്തമല്ല. എങ്കിലും പ്രദേശത്ത് ജനത്ത ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുദ്ധം കഴിഞ്ഞ് 70 വര്‍ഷം പിന്നിട്ടുവെങ്കിലും ജര്‍മ്മനിയുടെ പല ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും ബോംബുകള്‍ കണ്ടെടുക്കാറുണ്ട്. നാസിപ്പടയ്ക്കെതിരെ സഖ്യകക്ഷികള്‍ പ്രയോഗിച്ച ഉഗ്രശേഷിയുള്ള ബോംബുകളാണ് ഇപ്പോഴും ജര്‍മ്മനിയുടെ മണ്ണില്‍ ഭീിതിപരത്തി ഉറങ്ങുന്നത്.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഓഗ്സ്ബര്‍ഗില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയിരുന്നു. 54,000 പേരെയാണ് ആ സമയത്ത് ഒഴിപ്പിച്ചത്. മേയില്‍ ഹാനോവറില്‍ നിന്ന് ബോംബ് കണ്ടെത്തിയതോടെ അരലക്ഷം പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.