തിരുവനന്തപുരം : കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 133 ജീവനക്കാരെയാണ് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. ബുധനാഴ്ചത്തെ പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്.
എഐടിയുസി, ബിഎംഎസ് യൂണിയനുകളില്പ്പെട്ടവര്ക്കെതിരെയാണ് നടപടി. ആദ്യഘട്ടത്തില്‍ 133 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. വേതന വര്‍ധന, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തിയത്.
സമരം നടത്തുന്നത് വ്യക്തമാക്കി ജീവനക്കാര്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇതില്‍ കാര്യമായ പരിഗണന നല്‍കിയിരുന്നില്ല. എഐടിയുസി യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമരത്തില്‍ ബിഎംഎസും പങ്കുചേരുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലുള്ളവരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്. തെക്കന്‍ ജില്ലകളിലുള്ളവരെ വടക്കന്‍ ജില്ലകളിലേക്കും, വടക്കന്‍ ജില്ലകളിലുള്ളവരെ തെക്കന്‍ ജില്ലകളിലേക്കുമാണ് മാറ്റിയത്.
ജീവനക്കാരുടെ സമരം മൂലം വലിയ നഷ്ടമുണ്ടായിട്ടില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അഭിപ്രായപ്പെട്ടിരുന്നു. സര്‍വീസുകളെ കാര്യമായി ബാധിച്ചില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പണിമുടക്കിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സ്വീകരിച്ചതെന്ന് എഐടിയുസിയും ബിഎംഎസും ആരോപിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് സമരം നടത്തിയത്. നേരത്തെ സിഐടിയു യൂണിയന് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് തയ്യാറായിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യത്തോട് മാനേജ്മെന്റ് മുഖം തിരിക്കുകയായിരുന്നു.
ഇത് മാനേജ്മെന്റിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്കെതിരായ നടപടിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐടിയുസി, ബിഎംഎസ് യൂണിയനുകള്‍ വ്യക്തമാക്കി.