ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ശിഖര്‍ ധവാൻ്റെ (125*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ സവിശേഷത. ധവാനൊപ്പം അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂജാരയാണ് (58*) ക്രീസില്‍.
ടോസ് നേട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയക്ക് സ്കോര്‍ 27 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത ഓപ്പണര്‍ മുകുന്ദിനെ നുവാന്‍ പ്രദീപാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനും പൂജാരയും ഇന്ത്യയെ ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. വ്യക്തിഗത സ്കോര്‍ 31 ല്‍ നല്‍ക്കെ ധവാനെ അസേല ഗുണരത്നെ വിട്ടുകളഞ്ഞു. ഈ അവസരം മുതലാക്കിയ ധവാന് അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്. 110 പന്തില്‍ 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ധവാന് സെഞ്ച്വറി തികച്ചത്. 2015 ല്‍ ഇതേവേദിയിലായിരുന്നു ധവാന് അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇതുവരെ 173 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ അശ്വിന് തൻ്റെ അമ്പതാം ടെസ്റ്റ് മത്സരത്തിനാണ് ഇറങ്ങുന്നത്. 49 ടെസ്റ്റുകളില്‍ 275 വിക്കറ്റുകളാണ് സമ്പാദ്യം. ഇതില്‍ 25 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഏഴ് പത്ത് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. ബാറ്റിംഗില്‍ നാല് സെഞ്ച്വറികളും 10 അര്‍ദ്ധ സെഞ്ച്വറികളും അശ്വിൻ്റെ പേരിലുണ്ട്.