കൊട്ടാരക്കര : നിരവധി ആൾക്കാർക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ വാളകം അമ്പലക്കര വയ്യം കുളത്ത് തെക്കേക്കര വീട്ടിൽ ജിജോ ബാബു (29) എന്നയാളാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇയാൾ കുറെ നാളുകളായി പലസ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചുവരികയായിരുന്നു. പണം നൽകിയ ശേഷം ജോലി പ്രതീക്ഷിച്ചു നിന്നവർ
പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വരികയും ജിജോ ബാബുവിനെ ബന്ധപ്പെടാൻ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. അമ്പലക്കര സ്വദേശിയുടെ കയ്യിൽനിന്നും ടിയാളുടെ ഭാര്യക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപയും, വാളകം സ്വദേശിയായ റിട്ടയേർഡ് അധ്യാപികയിൽ നിന്നും മകന് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം രൂപയും പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിൽ കൊണ്ടുപോയി 8.5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തു. ഇവരെ കൂടാതെ കൂടുതൽ ആൾക്കാർ ബിജു ബാബുവിൻറെ വഞ്ചനയ്ക്ക് ഇരയായതായി പോലീസ് സംശയിക്കുന്നു.ഇതിനായി കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊട്ടാരക്കര എസ് ഐ രാജീവ്, ഓമനക്കുട്ടൻ സിപിഒ സലില് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അടൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി തിരിച്ചറിഞ്ഞത്. ഇതിനെത്തുടർന്ന് കൊട്ടാരക്കര എസ് ഐ സാബുജി മാസ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ രാധാകൃഷ്ണൻ ആശിഷ് കോഹൂർ, ശിവശങ്കരപ്പിള്ള, സജി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അടൂരിലെ വീട്ടിൽ നിന്നും പിടികൂടിയത്. വഞ്ചനയിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
